Monday, June 7, 2010

നിങ്ങളെന്നെ എന്താക്കി?-ഒരു സ്വത്വ പ്രതിസന്ധി കുറിപ്പ്


നിങ്ങളെന്നെ എന്താക്കി?
വായ്ത്തല മുകളിലാക്കി ചാരി വച്ച ഒരു വാക്കത്തിയുടെ രൂപമാണ് ഞങ്ങളുടെ ഗ്രാമത്തിന്റേത്. രണ്ടു കയറ്റങ്ങളില്‍ തൂങിക്കിടക്കുന്ന ഒരു ഇറക്കം എന്ന് ദേശാഭിമാനി വാരികയുടെ ബാല പംക്തിയില്‍ കൌമാര പ്രായത്തില്‍ കുറിച്ചതു ഞാന്‍ ഓര്‍ക്കുന്നു. ഉച്ചിയില്‍ രാമനാല്‍ കീഴില്‍ ഗണപതി ക്ഷേത്രം, താഴോട്ടു വന്നാല്‍ പൊട്ടിപ്പൊളിഞ്ഞ ഒരു ആ‍ല്‍ത്തറ,വീണ്ടും കീഴോട്ടു ഇറങ്ങിയാല്‍ കറുപ്പും വെള്ളയും ചായമടിച്ച ആര്‍.കെ.സി.എല്‍.പി.സ്കൂള്‍.അതിനു എതിര്‍വശത്തായി പന്നി നാരാണേട്ടന്റെ ചായപ്പീടികയും മൂപ്പരുടെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ദിനേശ് ബീഡി കമ്പനിയും.മടക്കില്‍ ഇടതു കമ്മ്യൂണിസ്റ്റുകളുടെ ശക്തികേന്ദ്രമായ ദേശീയ സാംസ്കാരിക സമിതി ലൈബ്രറി ആന്റ്റ് റീഡിങ് റൂം. തൊട്ടടുത്ത് ക്ഷേത്രക്കുളം, പിടിയില്‍, യുവ കോണ്‍ഗ്രസ്സുകാ‍രുടെ ശീട്ടുകളി സ്ങ്കേതമായ ചലഞ്ചേഴ്സ് ക്ലബ്ബും ഒക്കെയുള്ള ഒരസ്സല്‍ വാക്കത്തി.

ക്ഷേത്ര പരിസരം സി.ഐ.എ ചാരന്മാരായ കോണ്‍ഗ്രസ്സ് പ്രമാണിമാരുടേയും അതിനപ്പുറം സിന്ദൂര ചുകപ്പു നെറ്റിയി;ല്‍ ചാര്‍ത്തി മസില്‍ പെരുപ്പിച്ചു നടക്കുന്ന രാഷ്ട്രീയ സ്വയം സേവകരുടേയും താ വളമായിരുന്നു. ഇവരറിയാതെ ബീഡികമ്പനിയിലും വായനശാലയിലും ഇരുന്നു ഇടതന്മാര്‍ മുതലാളിത്ത പിന്തിരിപ്പന്‍ശക്തികള്‍ക്കെതിരെ ഗൂഡാലോചന നടത്തി വന്നു.കുളത്തിന്‍ കരയിലെ പാട്ടാളി ശങ്കരേട്ടന്റെ വീട്ടില്‍ നടത്തി വന്ന പാര്‍ട്ടി ക്ലാസ്സില്‍ സാമ്രാജ്യത്വ വിരുദ്ധ ചേരികളായ സോവിയറ്റ് യൂണിയനും കാസ്ട്രോവിന്റെ ക്യൂബയും ഹൊയ്ചിമിന്റെ വിയറ്റ്നാമും അതിരുകള്‍ താണ്ടിയെത്തിയ സഖാക്കളായി. സമര ബോര്‍ഡുകളെഴുതിയും മുദ്രാവാക്യം വിളിച്ചും വായനശാലയുടെ തിണ്ണയിലിരുന്നു നാട്ടുവര്‍ത്താനം കാച്ചിയും തൊഴില്‍ രഹിതരായ പീഡീസിക്കാര്‍ നേരം കൂട്ടി.വീട്ടില്‍ അത്യാവശ്യം വരുമാനം ഉളള തൊഴിലില്ലാത്ത യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ചലഞ്ചേര്‍സ് ക്ല്ബ്ബിലിരുന്നു കാരംബോര്‍ഡും 28ഉം കളിച്ചു രസിച്ചു. ദേശദ്രോഹികളായ ഇടതന്മാരേയും ചൈനീസ് ചാരന്‍ ഇ.എം.എസ്സിനേയും നൂറു മില്ലി വാട്ടീസിന്റെ ലഹരിയില്‍ പുലയാട്ടുന്ന അമേരിക്കന്‍ ചാരപ്രമുഖനായ പപ്പേട്ടന്റെ വിവാദ പ്രസ്താവനകള് വൈകുന്നേരങ്ങളില്‍ വായനശാലക്കാരുടെ സിരകളില്‍ ചോര തിളപ്പിച്ചു.അമേരിക്കന്‍ വാലാട്ടികളായ കോണ്‍ഗ്രസ്സുകാരോടു പകരം ചോദിക്കാന്‍ ചാടിയിറങ്ങുന്ന കൂലിപ്പണിയുടെ കൈത്തഴമ്പുളള ചെറുപ്പക്കാരായ സഖാക്കളെ, ഗ്രാമീണരെ ഉദ്ധരിക്കാന്‍ പാര്‍ട്ടി ഇറക്കുമതി ചെയ്ത ബ്രാഞ്ചു സെക്രട്ടറി ഈഴവ സഖാവ് സി. .ആറ്. പി രാജേട്ടന്‍ അടക്കിയിരുത്തി. കെ.ഇ.എന്‍. സഖാവും പോക്കര്‍ സഖാവും സ്വത്വ പ്രതിസന്ധി അനുഭവിക്കുന്ന കാലം വന്നെത്താന്‍ വീണ്ടും 30 സംവത്സരങ്ങള്‍ കൊഴിയാനിരിക്കേണ്ടതിനാ‍ല്‍ ശാലിയ ഗ്രാമീണ സഖാക്കള്‍ക്കു പ്രതിസന്ധി ഒന്നും അനുഭവിക്കേണ്ടി വന്നില്ല. എങ്കിലും വരത്തന്മാരുടെ രൂപത്തില്‍ ഗ്രാമത്തിലെത്തുന്ന കമ്മ്യൂണിസ്റ്റു അധിനിവേശത്തെ കുറിച്ചു ആല്‍ത്തറയില്‍ വൈകുന്നേരം സി.ഐ.എ ചാരന്മാര്‍ പ്രവചനത്മകമാ‍യ മുന്നറിയിപ്പു നല്‍കി.

അമേരിക്കന്‍ ചോള റവ കൊണ്ടുള്ള മഞ്ഞ ഉപ്പുമാവ് സ്കൂള്‍ കുട്ടികള്‍ക്കു ഉച്ച ഭക്ഷണമായി ലഭിക്കുന്ന കാലമായിരുന്നു അത്.ഉപ്പുമാവ് തന്നു കുട്ടികളുടെ വിശപ്പുമാറ്റുന്ന നന്മ നിറഞ്ഞ അമേരിക്കക്കെതിരെ പ്രസംഗിച്ചു നടക്കുന്ന ഇടതന്മാരുടെ നന്ദികേടിനെ ചൊല്ലിയുള്ള പപ്പേട്ടന്റെ ക്രൂരമായ തുറന്ന പരിഹാസം ഒന്നാം ക്ലാസ്സുകാരനായ എന്റെ ചങ്കിലാണു തറച്ചത്. അതിനു തൊട്ടുമുംബുള്ള ദിവസമാണെന്നു തോന്നുന്നു ഉപ്പുമാവ് വീട്ടിലേക്കു കൊണ്ടുപോകണമെന്നു നിലവിളികൂട്ടിയ എന്നെ തടഞ്ഞു നിര്‍ത്തി തല്ലിയ ഹെഡ് റ്റീച്ചറ് ശാന്ത റ്റീച്ചറെ ചെറിയ വായില്‍ തെറി വിളിച്ചു ഞാനെന്റെ പ്രഖ്യാപിത സാമ്രാജിത്വ വിരുദ്ധ്നിലപാടു ഉറപ്പിച്ചിരുന്നു. എന്തായാലും പപ്പേട്ടന്റെ പ്രസ്താവനയിലെ നന്ദികേട് എന്ന പ്രയോഗം അഭിമാനിയായ എന്നെ ഓക്കാനിപ്പിക്കുകയും പില്‍ക്കാല ജീവിതത്തില്‍ മുഴുനീളം ഉപ്പുമാവ് വിരുദ്ധനാക്കുകയും ചെയ്തു. ക്ഷേത്രത്തില്‍ ഉത്സവകാലത്ത് വഴിപാട് അപ്പം അടക്കമുള്ള ഏതു കാര്യത്തിലും ഊരായ്മക്കാര്‍ തമ്മില്‍ ഇളമൂപ്പു അവകാശ തര്‍ക്കം പതിവായിരുന്നു. ഇതു കണ്ടു സഹികെട്ടാവണം എന്റെ വല്യമ്മവന്‍ ബാലമ്മാവന്‍ ക്ഷേത്രം അടിച്ചു നിരത്തി വാഴക]ഷി ചെയ്യാന്‍ ആഹ്വാനം ചെയ്യേണ്ടി വന്നത്. (അവസാന കാലത്ത് അദ്ദേഹം മുഴുവന്‍ സമയ ഭക്തനായത് വിധി വൈപരീത്യം അല്ലെന്നു വിശ്വസിക്കാനാണ്‍ എനിക്ക് ഇഷ്ടം.)വഴിപാട് അപ്പത്തിനായുള്ള കുട്ടികളുടെ മത്സരങ്ങളില്‍ സഭാകമ്പവും ദുരഭിമാനവും കാരണം നിരന്തരം തോറ്റതും അക്കലത്തു എ.ടി. കോവൂറിന്റെ ആനമറുത പോലുള്ള പുസ്തകങ്ങള്‍ വായിച്ചതും കൊണ്ടാകണം ഞാനൊരു അപ്രഖ്യപിത നിരീശ്വരവാദിയുമായി.

സഖാവ് ക]ഷ്ണപ്പിള്ള ദിനം, എ.കെ.ജി ദിനം, അഴിക്കോടന്‍ ദിനം തുടങ്ങിയ രക്തസാക്ഷി അനുസ്മരണ ദിനങ്ങളില്‍ പുലര്‍ച്ചെ പ്രഭാതഭേരി മുഴങ്ങുന്നതു കേട്ടൂ ഞങ്ങളുടെ കമ്മ്യൂണിസ്റ്റു ബാല്യം കിടക്കപ്പയയില്‍ കിടന്ന് പുളകം കൊണ്ടു.പാര്‍ട്ടി സമര പരിപാടിളൂടെയും തെരെഞ്ഞെടുപ്പുകളുടേയും പ്രചാരണ വാഹനങ്ങളില്‍ നിന്നും പുറത്തേക്ക് വീഴുന്ന നോട്ടീസുകള്‍ ഓടിച്ചെന്ന് പെറുക്കിയും,അവ വീട്ടിന്റെ ചുമരുകളില്‍ ഒട്ടിച്ചും ഞങ്ങള്‍ ബാലസംഘക്കാരായി.കോണ്‍ഗ്രസ്സുകാരുടേയും ബി.ജെ.പി.ക്കരുടേയും നോട്ടീസുകളില്‍ ആരും കാണാതെ കല്ലെറിഞ്ഞും മൂത്രമൊഴിച്ചും ഞങ്ങള്‍ പ്രതിലോമ ശക്തികളെ മക്കാറാക്കി ബന്ദ് ദിവസത്തില്‍ പൊതുനിരത്തില്‍ ചായ കാച്ചി സൌജന്യമായി വിതരണം ചെയ്ത് ഞങ്ങളുടെ പാര്‍ടിയുടെ സമരാഹ്വാനത്തെ അവഹേളിച്ച കോണ്‍ഗ്രസ്സുകാരനായ ദാമുവേട്ടന്റെ കാല്‍ തല്ലിയൊടിക്കേണ്ടതു തന്നെയാണെന്നതില്‍ ഞങ്ങളുടെ പിഞ്ചു ഹ്]ദയങ്ങള്‍ക്കു സംശയമേതുമുണ്ടായിരുന്നില്ല. ദാമുവേട്ടന്റെ കാല്‍ സി.പി.എം.ഗുണ്ടകള്‍ വെട്ടി മുറിച്ചു എന്ന് ഉച്ച്ക്കേത്തെ ആകാശവാണി വാര്‍ത്ത കേട്ട് ഞങ്ങള്‍ കോരിത്തരിച്ചു.(തല്ലു മാത്രം കിട്ടിയ ദാമുവേട്ടന്റെ കാലു വെട്ടിമാറ്റി ആകാശവാണി തനിനിറം കാട്ടുകയായിരുന്നു.) എന്നാല്‍ ധീര സഖാക്കളായ ഞങ്ങളുടെ ആരാധനാ മൂര്‍ത്തികളെ ഗുണ്ട്കളെന്നു വിശേഷിപ്പിച്ച ആകാശവാണിയോട് ഞങ്ങള്‍ കെറുവിച്ചു. സി.പി.എം – ബി.ജെ.പി സംഘര്‍ഷങ്ങള്‍ മൂക്കുമ്പോള്‍ കത്തിക്കുത്തിന്റേയും കൊലപാതകത്തിന്റേയും ഗോള്‍ക്രമത്തില്‍ ഞങ്ങളുടെ ടീം മുന്നില്‍ നില്‍ക്കുന്നത് കേള്‍ക്കാന്‍ ഞങ്ങളുടെ ഇളം മനസ്സുകളും തുടിച്ചു. കുളത്തിങ്കരയില്‍ പാതാള കരണ്ടി പോലുളള പല ഇനം വടിവാളുകള്‍ ഒളിപ്പിച്ചു വച്ചതു കണ്ടു അന്തം വിട്ടു നിന്നു പോയ എനിക്കു മോഹനേട്ടന്‍ കത്തിക്കുത്തിന്റെ വിവിധമുറകള്‍ വിശദീകരിച്ചു തന്നു. ഒരു തണുപ്പായി ഇന്നുമെന്റെ ഞരമ്പില്‍ അവ ഉറങ്ങിക്കിടക്കുന്നുണ്ട്.

ക്രിക്കറ്റ് കളിയിലെ മേധാവിത്വം കൊണ്ടും ജിംനേഷ്യത്തില്‍ പോയിവരുന്നതിന്റെ ഗമ കൊണ്ടും എന്നില്‍ നിസ്സാരതാ ബോധം വള്ര്‍ത്തിയത്കൊണ്ടാകണം മസില്‍ പെരുപ്പിച്ചു നടക്കുന്ന സ്വയം സേവകരോടുള്ള കെറുവ് ഇന്നും മാറിയിട്ടില്ല:ക്രിക്കറ്റ് കളിയോടുള്ള ശത്രുത, അത്യാവശ്യം വെള്ളമടിക്കുമ്പോള്‍ നുരഞ്ഞു പൊങ്ങാറുമുണ്ടു.സ്കൂളിലെ കോണ്‍ഗ്രസ്സു പിള്ളാരെ കളിയാക്കാന്‍ ഗാന്ധിയെന്താക്കി, ഇന്ത്യ മാന്തി പുണ്ണാക്കി എന്നു തുടങ്ങുന്ന പാര്ട്ടി (!) പാട്ടു (മാഷ്ന്മാരു കേള്‍ക്കാതെ) മൂളുന്നതു ഞങ്ങള്‍ പതിവാക്കി. ഗാന്ധി ഇല്ലായിരുന്നില്ലെങ്കില്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നൊ എന്നു ചൊദിച്ച് തോറ്റ മുന്‍സിപാല്‍ വാര്‍ഡ് കൌണ്‍സിലര്‍ ചാപ്പേട്ട്ന്റെ മകന്‍ ടി.കെ.ഷാജി ഞങ്ങളെ വെല്ലുവിളിച്ചു. ഹ]ദയം പിള്ര്ക്കുന്ന ഈ ചോദ്യത്തിനു ഉത്തരം അന്വേഷിച്ചാണ് വായനശാലയിലെ ലൈബ്രറി മുറിയിലേക്കു ഞാന്‍ ആദ്യമായി കാലെടുത്തു വയ്ക്കുന്നത്.( മുട്ടത്തു വര്‍ക്കിയും കാനം ഈ.ജെയും പമ്മനും കുളിരുകോരുന്ന കാലം. കേരള ശബ്ദം ഒളിച്ചും പാത്തും വായിക്കാനെത്തുന്ന ഏട്ടന്മാര്‍ സ്വകാര്യതയില്‍ കാണിക്കുന്ന വ]ത്തികേടുകളെ ആണവ രഹസ്യം പോലെ അടക്കം പറഞ്ഞ് സമപ്രായക്കാരുമായി ഞാന്‍ ഉല്‍കണ്ഠ പങ്കു വെച്ചു. കേരളശബ്ദം ഒളിച്ചു വായിക്കാനുള്ള ശ്രമം അതി ദയനീയമായി പരാജയപ്പെട്ടതിന്റെ കൊതിക്കെറുവു തത്ക്കാലം മറച്ചു വെയ്ക്കട്ടെ) ഗാന്ധിക്കെതിരായി എന്തെങ്കിലും പുസ്തകമുണ്ടോ എന്ന എന്റെ ചോദ്യം ലൈബ്രേറിയന്‍ ഏറന്‍ ബാബുവേട്ടനെ അമ്പരപ്പിച്ചിരിക്കണം. എങ്കിലും ഇത്രയും ചെറുപ്പത്തില്‍ ലൈബ്രറിയില്‍ കയറി വന്നല്ലോ എന്ന വാത്സല്യത്തൊടെ അംഗത്വമില്ലാത്ത പയ്യന്‍സിനു അദ്ദേഹം ദയവോടെ പുസ്തകങ്ങള്‍ എടുക്കാന്‍ അനുവാദം നല്‍കി.

സോവിയറ്റ് നാട്ടിലെ ലിയോ ടോള്‍സ്റ്റോയിയെയും ദസ്തയോവിസ്ക്കിയെയും മാര്‍ക്സിം ഗോര്‍ക്കിയെയും വായിച്ചു ഗാന്ധിയെ തോല്‍പ്പിക്കാനുള്ള എന്റെ ശ്രമം തുടര്‍ന്നു. ലീഷിയാവോയുടെ എങ്ങനെ നല്ലൊരു ക്മ്മ്യൂണിസ്റ്റു ആകാം എന്ന പുസ്തകം കൈയില്‍ തടഞ്ഞപ്പോള്‍ ബൂര്‍ഷ്വാസിക്കൊരു പോരാളി എന്ന മട്ടില്‍ ഞാന്‍ രോമാഞചം കൊണ്ടു.ഖാലീദിന്റെ ഉദയസൂര്യനെതിരെ എന്ന നോവല്‍ ഒറ്റയിരുപ്പിനു വായിച്ച് വീട്ടുകാരെ ഭയപ്പെടുത്തി. രാഹുല്‍ സംക]ത്യാലിന്റെ വോള്‍ഗ മുതല്‍ ഗംഗ വരെയും നാഡി പിടിച്ചു മരണം പ്രവചിക്കുന്ന ജീവന്‍ മശായിയുടെ ചിത്രം മനസ്സില്‍ തറച്ചിട്ട ആരോഗ്യ നികേതനവും ഞരമ്പിനെ ത്രസിപ്പിച്ചു. മര്‍ക്സിന്റേയും എംഗത്സിന്റേയും പടമുള്ള കീറാമുട്ടി പുസ്തകങ്ങള്‍ വായിച്ചു.പലതും പിടികിട്ടിയില്ലെങ്കിലും ഇവനെ സൂക്ഷിക്കണമെന്ന് ചിലരൊക്കെ രഹസ്യമായി പറയാന്‍ തുടങ്ങിയതു കേട്ട് സ്വകാര്യമായി ആഹ്ലാദിച്ചു. അടിയന്തിരാവസ്തക്കാലത്തു കോണ്‍ഗ്രസ്സുകാര്‍ തീയിട്ടു കത്തിച്ച് കളഞ്ഞ ലൈബ്രറി പുസ്തകങ്ങളെ കുറിച്ചു സങ്കടപ്പെട്ടിരുന്ന സഖാക്കളുടെ കൂടെ ഞാനും ചുമ്മാ സങ്കടപ്പെട്ടു. കാനം ഈ.ജെയും മുട്ടത്തുവര്‍ക്കിയും എന്തിനു സാക്ഷാല്‍ പമ്മനും മാടിവിളിച്ചപ്പോള്‍ ഡി.വൈ എഫ് ഐ ഏട്ടന്മാരോടൊപ്പം പൈങ്കിളി സാഹിത്യത്തെ കുറിച്ചു കുണ്ഠിതപ്പെട്ടു. ആരും പരിസരത്തിലില്ലാത്ത പ്രലോഭനത്തിന്റെ ഒരു വൈകുന്നേരത്ത് ഒളിച്ചു വായിക്കനെടുത്ത പമ്മന്റെ ഭ്രാന്ത് എന്നെ നിരാശപ്പെടുത്തി. 38, 56, 76, 98 തുടങ്ങി 30ലധികം പേജുകള്‍ കീറിയെടുത്തു സ്വകാര്യപ്പെടുത്തിയ കശ്മലരെ മനസ്സു നിറഞ്ഞു ശപിക്കാതിരിക്കാന്‍ എനിക്കു സാധിച്ചില്ല.. എന്റെ ബൌധ്വിക ജീവിതത്തിന്‍ സംഭവിച്ച നിലവാര തകര്‍ച്ചയാണോ ഇതു എന്നു ആലോചിച്ചു ചിലപ്പോഴൊക്കെ വെറുതെ വിഷമിച്ചിരിക്കാനും എനിക്കു മടിയുണ്ടയില്ല. പൈങ്കിളി സാഹിത്യ പ്രസിദ്ധീകരണ്‍ങ്ങള്‍ കത്തിച്ചു അവയ്ക്കെതിരെ ഡൈഫിക്കാരു നടത്തിയ പ്രക്ഷോഭങളില്‍ ഭാഗഭാക്കാകാനും എനിക്കു മടിയുണ്ടായില്ല...

എന്തായാലും ഞങ്ങളുടെ ബാല്യകാലാനുഭവങ്ങള്‍ നല്‍കിയ വൈകാരികത പുതിയ തലമുറയ്ക്കു കൈമോശം വന്നിട്ടുണ്ടു.. ഞങ്ങളുടെബാല്യം കളിച്ചു കൂത്താടിയ ക്ഷേത്ര പറന്‍പില്‍ പുതിയ നിയമ ക്രമങ്ങള്‍ വന്നിരിക്കുന്നു!. അന്നത്തെ ക്ഷേത്ര ഊരാളന്മാരുടെ ഉപദേശങ്ങളും കല്പനകളും തുലോം അവഗണിച്ചു കോണ്ടാണ്‍ ക്ഷേത്രമതില്‍ക്കെട്ടില്‍ ഞങ്ങള്‍ ധിക്കരങ്ങള്‍ നടപ്പിലാക്കിയിരുന്നത്. ചുറ്റമ്പലങ്ങളിലും തറമുറ്റങ്ങളിലും ഒളിച്ചും പൊത്തും കളിച്ചും മൂത്രിച്ചു കൊണ്ടു ചിത്രകലാമല്‍സരം നടത്തിയും തല്ലു കൂടിയും ഞങ്ങളുണ്ടാക്കിയ പുകിലുകളെത്ര!. പുനരുദ്ധാരണ്ത്തിന്റെ പുതിയ കാലത്തു ഷര്‍ട്ടൂം ചെരിപ്പും ഊരി വെച്ചു ഒച്ച വെയ്ക്കാതെ കൈകൂപ്പി ഭയഭക്തിയോടെ ക്ഷേത്ര മതിലിനുള്ളിലേക്കു കടക്കുന്ന കുരുന്നു ബാല്യങ്ങളെ കാണുമ്പോള്‍ കൌതുകം തോന്നുന്നുണ്ട്.

ഞങ്ങളുടെ പഴയ തലമുറയും മാറി. കളിച്ചങ്ങാതി എലിയന്‍ മധു ക്ഷേത്രം കമ്മറ്റി സെക്രട്ടറിയായി;, പാര്‍ട്ടി പ്രകടനങ്ങളില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി ഞങ്ങളുടെ ഞരമ്പുകളില്‍ സമരത്തിന്റെ ആവേശം പകര്‍ന്ന സഖാവ് പട്ടന് രാജേട്ടന് ക്ഷേത്രത്തിന്ന്റെ മുഖ്യകാര്‍മികനായി. വിപ്ലവത്തിന്റെ വീര്യം ഞങങളില്‍ വിതച്ചവരില്‍ പലരും കാലക്രമേണ കോണ്‍ഗ്രസ്സും ബിജെപിയും സി.എം.പിയുമായി മാറി. മസില്‍ പെരുപ്പിച്ചു നടന്ന ആര്‍.എസ്.എസ്കാരിലും കോണ്‍സ്സുകാരിലും ചിലര്‍ ഡി വൈ എഫ് ഐ ക്കരായി. പരസ്പരം കണ്ടാല്‍ മുഖം തിരിച്ചിരുന്ന പാര്‍ട്ടി യുവാക്കള്‍ മുതിര്‍ന്നപ്പോള്‍ കള്ളുഷാപ്പുകളില്‍ ഉറ്റതോഴരായി..

മുന്‍പെങ്ങും ഇല്ലാത്ത വിധം ദൈവ ഭക്തി കൂടിയതോടെ ക്ഷേത്ര പുനരുദ്ധാരണം, പൂജാവിധികള്‍, പ്രശ്നം വെയ്പ്പ്,ആചാര അനുഷ്ഠാ‍നങ്ങള്‍ – ഞങ്ങളുടെ ബാല്യം തോന്ന്യാസം കളിച്ചു നടന്ന ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍, പുതിയ വിധിമുറകള്‍… വായന ശാലയും ലൈബ്രറിയും പൂര്‍ണമായും ഉപെക്ഷിക്കപ്പെട്ട സ്തിതി വിശേഷം.

വൈകാരികമെങ്കിലും ഗ്രാമീണാനുഭവങ്ങളുറ്റെ ചുടിലും ചൂരിലും ആര്‍ജിച്ചെടുക്കേണ്ട ആശയങ്ങളുടെ കരുത്ത്…ആശയ സംഘ്ട്ടനങ്ങളിലൂടെ വികസിപ്പിച്ചെടുക്കേണ്ട നിലപാടു തറകള്‍…..മൈലുകള്‍ക്കപ്പുറത്തു ചെന്നൈയിലെ കൊച്ചു കൊച്ചു തിരക്കുകള്‍ക്കിടെ സൈദ്ധാന്തിക ശാഠ്യങ്ങ്ങളെല്ലാം കളഞ്ഞു ആലോചിക്കുമ്പോഴും ആത്മ വിശ്വാസം വീണ്ടെടുത്തു പറയട്ടേ എല്ലാം നല്ലതിനു തന്നെ.